Friday, February 4, 2011

ട്രേഡ്‌ യൂണിയന്‍ നേതാവ്‌ TRADE UNION LEADER

ട്രേഡ്‌ യൂണിയന്‍ നേതാവ്‌
Thampan Thomas, M.M.Lorance and P.Viswambharan

ദീര്‍ഘകാലം ട്രേഡ്‌ യൂണിയന്‍ രംഗത്തു പ്രവര്‍ത്തിച്ച വിശ്വംഭരന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളോട്‌ എന്നും അകമഴിഞ്ഞ അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഈ അനുഭാവ പ്രകടനത്തിന്റെ ഉത്തമ നിദര്‍ശനമാണ്‌ 1951-ലെ കരിങ്കല്‍ തൊഴിലാളി സമരം. കോവളത്തിനുസമീപം വെള്ളാറിലെ ഒരു സര്‍ക്കാര്‍ ക്വാറിസമുച്ചയത്തില്‍ ക്രഷിംഗ്‌ മിഷ്യന്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഈ സമരം. ആദ്യമായി കരിങ്കല്‍ തൊഴിലാളികള്‍ക്ക്‌ ഒരു യൂണിയനുണ്ടാകുന്നതും ഈ സമരത്തോടനുബന്ധിച്ചായിരുന്നു. കേരളത്തിലെ പ്രമുഖമായ കയര്‍-കരിങ്കല്‍ മേഖലകളിലൊന്നായിരുന്നു 

ഈ പ്രദേശം. ഭൂരിപക്ഷം ജനങ്ങളും ഈ രണ്ടു തൊഴിലുകളോട്‌ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുന്നവരുമായിരുന്നു. ഇതില്‍ കല്ലുപൊട്ടിച്ച്‌ ചല്ലിയാക്കി ഉപജീവനം നടത്തിയിരുന്ന ജനവിഭാഗത്തിന്റെ തൊഴില്‍ പൂര്‍ണ്ണമായും ഇല്ലായ്‌മചെയ്യാന്‍ പോന്നതായിരുന്നു ക്രഷിംഗ്‌മിഷ്യന്‍. ഇതനുവദിച്ചുകൊടുക്കാന്‍ തയ്യാറല്ലായിരുന്നതൊഴിലാളികളെ അദ്ദേഹം സംഘടിപ്പിച്ചു. തൊഴിലാളികള്‍ പണിമുടക്കുകമാത്രമല്ല ക്വാറികള്‍ പൂര്‍ണ്ണമായും സ്‌തംഭിപ്പിക്കുകയുംചെയ്‌തു. പൂന്തുറയില്‍ കടല്‍ഭിത്തി കെട്ടുന്നതിനാവശ്യമായ കല്ലും ഈ ക്വാറിയില്‍ നിന്നാണയച്ചിരുന്നത്‌. കടല്‍ഭിത്തിയുടെ നിര്‍മ്മാണത്തെ തടയുന്നുവെന്നാരോപിച്ച്‌ വിശ്വംഭരനെയും പ്രവര്‍ത്തകരെയും പോലീസ്‌ അറസ്റ്റുചെയ്‌തു. ഇത്‌ ഏറ്റവും വലിയ കോളിളക്കമുണ്ടാക്കി. ഒരുദിവസം പോലീസ്‌ലോക്കപ്പില്‍ പാര്‍പ്പിച്ചിട്ട്‌ അടുത്ത ദിവസം തന്നെ എല്ലാപേരെയും വെറുതെവിട്ടു. കേസുകള്‍ പിന്‍വലിച്ചു. എന്നാല്‍ സമരം വിജയകരമായിരുന്നു. ക്രഷിംഗ്‌ മിഷ്യന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ പി. വിശ്വംഭരന്‌ വലംകൈയായി പ്രവര്‍ത്തിച്ചത്‌ കോവളം സുധാകരനായിരുന്നു. പിന്നീടദ്ദേഹം ആര്‍.എസ്‌.പി.യില്‍ ചേര്‍ന്നു. 
T.K.Ramakrishnan, K.Karunakaran and P.V

രാഷ്‌ട്രീയം സമൂഹത്തിലെ ഭൂരിപക്ഷംജനങ്ങളെയും സ്വാധീനിക്കുന്ന ഘടകമാണ്‌. അതുകൊണ്ടുതന്നെ ഒരുത്തമ സമൂഹസൃഷ്‌ടിക്ക്‌ രാഷ്‌ട്രീയം മൂല്യാധിഷ്‌ഠിതമാകണമെന്ന്‌ വിശ്വംഭരന്‍ വിശ്വസിക്കുന്നു. പ്രതിപക്ഷമെന്നത്‌ ഭരണപക്ഷത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന ശക്തിയാകരുതെന്ന്‌ അദ്ദേഹത്തിന്‌ അഭിപ്രായമുണ്ട്‌. പരസ്‌പരം സഹകരിക്കേണ്ട മണ്‌ഡലങ്ങളില്‍ സഹകരിക്കുകയും അംഗീകരിക്കേണ്ട കാര്യങ്ങള്‍ അംഗീകരിക്കുകയും വേണം. നാടിന്റെ വ്യാവസായിക വികസനത്തില്‍ അങ്ങേയറ്റത്തെ

ശ്രദ്ധപുലര്‍ത്തിയിരുന്ന പി. വിശ്വംഭരന്‍ അത്‌ മുതലാളിമാര്‍ക്കു നേട്ടമുണ്ടാക്കാനുള്ള ഒരുപാധിയാകരുതെന്ന്‌ നിഷ്‌കര്‍ഷിച്ചിരുന്നു. 1972-ല്‍ കയര്‍മേഖലയിലെ യന്ത്രവല്‍ക്കരണത്തിനെതിരായി വാഴമുട്ടത്തുനടന്ന പോലീസ്‌ വെടിവയ്‌പ്പില്‍വരെയെത്തിയ സമരത്തെ അദ്ദേഹം സര്‍വ്വാത്മനാ പിന്തുണച്ചത്‌ ഈ മനോഭാവം കൊണ്ടാണ്‌. പില്‍ക്കാലത്ത്‌ അദ്ദേഹം യന്ത്രവല്‌ക്കരണത്തെ അനുകൂലിക്കുകയും തന്റെ അധീനതയിലുള്ള കയര്‍ സംഘത്തില്‍ യന്ത്രവല്‍കൃത കയര്‍ഫാക്‌ടറി സ്ഥാപിക്കുകയും ചെയ്‌തു. ഇതിന്റെ പ്രേരണയായി രണ്ടു കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും പ്രാഥമികമായ കാര്യം ഇതില്‍ നിന്നു ലഭിക്കുന്ന ലാഭത്തെ സംബന്ധിച്ചതുതന്നെ. സഹകരണ മേഖലയിലുള്ള ഈ ഫാക്‌ടറിയുടെ ലാഭവിഹിതം ഒരു മധ്യവര്‍ത്തി കൊള്ളയടിക്കുന്നില്ല. രണ്ടാമത്തെ കാര്യം ഇന്ന്‌ കയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം. അതിനുപരിഹാരം യന്ത്രവല്‍ക്കരണമാണെന്നത്‌ അവിതര്‍ക്കിതമാണല്ലോ.
വാഴമുട്ടത്ത്‌ ഒരു യുപി സ്‌കൂള്‍ അനുവദിച്ചപ്പോള്‍ അതിനെ സ്വകാര്യമേഖലയിലേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ പാര്‍ട്ടി താല്‌പര്യത്തിനും സ്വന്തം വ്യക്തിതാല്‍പര്യത്തിനും മീതെയാണ്‌ നാടിന്റെ താല്‌പര്യം എന്നു വിശ്വസിച്ച പി. വിശ്വംഭരന്‍ സര്‍ക്കാര്‍ സ്‌കൂള്‍ തന്നെ വേണമെന്നു ശഠിച്ചു. അദ്ദേഹത്തിന്റെ ഈ ശാഠ്യത്തിന്റെഫലമായി സര്‍ക്കാര്‍ സ്‌കൂള്‍ തന്നെ അനുവദിക്കുകയും നാട്ടുകാരുടെ ശ്രമഫലമായി സ്ഥലവും കെട്ടിടവും അകസാമാനങ്ങളും ഉണ്ടാവുകയുംചെയ്‌തു. പില്‍ക്കാലത്ത്‌ ഈ സ്‌കൂളില്‍ എല്‍.പി വിഭാഗം തുടങ്ങുന്നതിനും ഇതിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിനും അദ്ദേഹം വഹിച്ച പങ്ക്‌ നിസ്‌തുലമായിരുന്നു.

With Chandrasekhar

വ്യക്തിജീവിതത്തില്‍ ഒരിണങ്ങാത്ത കണ്ണിയാണ്‌ പി. വിശ്വംഭരന്‍ എങ്കിലും എതിര്‍ പക്ഷത്തുള്ള നല്ലവൃക്തികളെ ആദരിക്കാന്‍ അദ്ദേഹം മടികാണിക്കാറില്ല. ഇന്ദിരയുടെയും രാജീവിന്റെയും സോണിയയുടെയും കോണ്‍ഗ്രസ്‌ അടിമകളുടെ കൂടാരമായി മാറിയെന്ന്‌ പറയുകയും എഴുതുകയും ചെയ്യാറുണ്ട്‌ അദ്ദേഹം. വര്‍ഗ്ഗീയതയാണ്‌ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അതേസമയം, വര്‍ഗ്ഗീയതയെ എതിര്‍ക്കാനെന്നപേരില്‍ സോഷൃലിസ്റ്റുകളും മറ്റുപുരോഗമനശക്തികളും, സോഷൃലിസ്റ്റ്‌പാത പൂര്‍ണ്ണമായുമുപേക്ഷിച്ച്‌ മുതലാളിത്തതാല്‌പരൃങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്നതും അവരുമായി കൂട്ടുചേരുന്നതും അദ്ദേഹം കഠിനമായി എതിര്‍ക്കുന്നു. ജനദ്രോഹകരമായ ഒരേകകക്ഷി ഭരണത്തെക്കാള്‍നല്ലത്‌ കൂട്ടുകക്ഷി ഗവണ്‍മെന്റാണെന്നു വിശ്വസിക്കുന്ന അദ്ദേഹം മന്ത്രിസഭകള്‍ ജനങ്ങള്‍ക്കുവേണ്ടിയായിരിക്കണമെന്ന അഭിപ്രായക്കാരനാണ്‌. അത്‌ ഭരണകക്ഷി അംഗങ്ങള്‍ക്കു തടിച്ചുകൊഴുക്കാനുള്ള വെള്ളാനകളാകരുതെന്നഭിപ്രായപ്പെടുന്ന അദദ്ദേഹം നിയമസഭയിലെ മൊത്തം അംഗങ്ങളുടെ പത്തുശതമാനത്തില്‍ കൂടുതല്‍ മന്ത്രിമാരുണ്ടാകരുതെന്നും നിഷ്‌കര്‍ഷിക്കുന്നു.

No comments:

Post a Comment