Wednesday, January 12, 2011

ആദൃത്തെ ഐകൃമുന്നണി first united front

ആദൃത്തെ ഐകൃമുന്നണി
കമ്മ്യൂണിസ്റ്റുകളെ പൊതുവെ അവിശ്വാസത്തോടെ നോക്കിക്കണ്ടവരായിരുന്നു സോഷ്യലിസ്റ്റുകള്‍. ചൈനയുടെയും റഷ്യയുടെയും സഹായത്തോടെ അവര്‍ ഭരണഘടനയെ അട്ടിമറിച്ചേക്കും എന്ന ഭയംപോലും സോഷ്യലിസ്റ്റുകള്‍ക്കുണ്ടായിരുന്നു. ഈ ഭയവും ഉള്ളില്‍വച്ച്‌ അവര്‍ 1957-ലെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയെ സംശയത്തോടെ വീക്ഷിച്ചു. ആയുധം മൂര്‍ച്ചകൂട്ടി കാത്തിരുന്ന അവര്‍ തങ്ങള്‍ക്കു കൈവന്ന ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ത്തന്നെ ആഞ്ഞടിച്ചു. വിമോചനസമരത്തിലെ സജീവ പങ്കാളികളായി. സമരവും ലാത്തിച്ചാര്‍ജ്ജും നിത്യസംഭവമായി. ഒടുവില്‍ വെടിവയ്‌പും. ക്രമസമാധാനനില ഏറ്റവും വഷളായ ഈ സന്ദര്‍ഭത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം ഒരു പല്ലവി അലയടിച്ചു:
``തെക്കു തെക്കൊരു ദേശത്ത്‌ അലമാലകളുടെ തീരത്ത്‌
ഫ്‌ളോറി എന്നൊരു ഗര്‍ഭിണിയെ ചുട്ടുകരിച്ചൊരു സര്‍ക്കാരേ....''
ഈ സമരജാഥകളില്‍ സോഷ്യലിസ്റ്റുപാര്‍ട്ടി ഒരു മുഖ്യഘടകമായി മുന്നണിയില്‍ത്തന്നെ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ സമരപരിപാടികളില്‍നിന്ന്‌ ഒരിക്കലും പുറംതിരിഞ്ഞുനിന്നിട്ടില്ലാത്ത പി. വിശ്വംഭരന്‍ വിമോചനസമരത്തിലും സജീവമായി പങ്കെടുത്തു. ഈ സമരസന്നാഹത്തിന്റെപേരില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി രണ്ടാഴ്‌ചത്തേക്ക്‌ തടവിനു ശിക്ഷിച്ചു. അവസാനം കേരളമന്ത്രിസഭയെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ്‌ 1959-ല്‍ പുറത്തു വന്നു. അങ്ങനെ വിമോചനസമരം അവസാനിച്ചു.
വിമോചന സമരം കമ്മ്യൂണിസ്റ്റിതരകക്ഷികള്‍ക്കിടയില്‍ ഒരൈക്യമനോഭാവം കൊണ്ടുവന്നു. ഈ ഐക്യം 1960 ലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കോണ്‍ഗ്രസ്‌, പി.എസ്‌.പി, മുസ്ലീംലീഗ്‌ എന്നീ കക്ഷികള്‍ ഐക്യമുന്നണി രൂപീകരിച്ചു മത്സരിച്ചു. വിശ്വംഭരന്‍ തന്റെ പതിവു മണ്‌ഡലമായ നേമത്ത്‌ പി.എസ്‌.പി ടിക്കറ്റില്‍ പത്രിക സമര്‍പ്പിച്ചു. പ്രയാസം കൂടാതെ വിജയിച്ചു. ഫലം വന്നപ്പോള്‍ 126 അംഗ അസംബ്ലിയില്‍ നേര്‍പകുതി(63) കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പി.എസ്‌.പി. 20 ഉം മുസ്ലീംലീഗ്‌ 11 ഉം സീറ്റ്‌ നേടി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി 29 സീറ്റു നേടി മുഖ്യപ്രതിപക്ഷമായി. കോണ്‍ഗ്രസ്സുകാര്‍ ബുദ്ധിപൂര്‍വ്വം കരുക്കള്‍നീക്കി മുസ്ലീം ലീഗില്‍ നിന്ന്‌ സ്‌പീക്കറെ നിയമിച്ചു. അനന്തരം പട്ടത്തെ മുന്‍നിര്‍ത്തി മന്ത്രിസഭ രൂപീകരിച്ചു. അപ്പോഴും പി.എസ്‌.പി മന്ത്രിമാരുടെ കൂട്ടത്തില്‍ പി.വിശ്വംഭരന്റെ പേരും പറഞ്ഞുകേട്ടിരുന്നു. പക്ഷെ ആ തവണയും അദ്ദേഹത്തിനു കുറിവീണില്ല. അതില്‍ പരിഭവമോ പരാതിയോ ഇല്ലാതെ പി. വിശ്വംഭരന്‍ ഒരുത്തമ പാര്‍ട്ടി പ്രവര്‍ത്തകനായി നിയമസഭയ്‌ക്കകത്തും പുറത്തും പ്രവര്‍ത്തനം തുടര്‍ന്നു.
ന്യൂനപക്ഷ കക്ഷിയുടെ നേതാവിനുകീഴില്‍ ഭൂരിപക്ഷം ഭരണത്തിലിരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങി. ഒരു ഭരണാധികാരിഎന്നനിലയിലും നേതാവെന്ന നിലയിലും കറപുരളാത്ത വ്യക്തിത്വത്തിനുടമയായ പട്ടത്തെ പുറംതള്ളി അപമാനിച്ചുകൊണ്ട്‌ ഒരു മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ഒരുക്കമായില്ല. ഈ സാഹചര്യത്തില്‍ പട്ടത്തെ ഒഴിവാക്കാനുള്ള ആലോചനകള്‍ ദല്‍ഹിയിലെ ഉപശാലകളിലും വ്യാപിച്ചു. ദല്‍ഹി ദര്‍ബാറില്‍ അതിനൊരു പദ്ധതി രൂപപ്പെടുകയും ചെയ്‌തു.


സംസ്ഥാനരാഷ്‌ട്രീയത്തിലുള്ള തന്റെ ബന്ധദാര്‍ഢ്യം അഴിയുന്നുണ്ടോ എന്ന ചിന്ത പട്ടത്തിനെ അലട്ടാന്‍ തുടങ്ങിയിരുന്നു. പി.എസ്‌.പിക്കാര്‍ എന്നതിനെക്കാള്‍ പട്ടം അനുയായികള്‍ക്ക്‌ മുന്‍തൂക്കമുള്ള തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്‌ഡലത്തില്‍ സ്വന്തം ജാമാതാവ്‌ പരാജയപ്പെട്ടത്‌ പട്ടത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. പട്ടത്തെ ഒഴിവാക്കാനുള്ള കോണ്‍ഗ്രസ്സുകാരുടെ ആഗ്രഹം കനത്തുവന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന്‌ ഒരു ഗവര്‍ണ്ണര്‍ പദവി ഓഫര്‍ചെയ്‌തു. ആ ഓഫര്‍ പട്ടം സ്വീകരിച്ചു.
``പട്ടം ഗവര്‍ണ്ണറായി പോകുന്നതുവരെ ഞങ്ങളുടെ ബന്ധത്തില്‍ ഒരുവിധ ശൈഥില്യവും വന്നിരുന്നില്ല. എന്നാല്‍ അദ്ദേഹം ഗവര്‍ണ്ണര്‍പദവി സ്വീകരിച്ച രീതിയോട്‌ എനിക്കു യോജിപ്പുണ്ടായിരുന്നില്ല. അതിന്റെ പേരില്‍ ഞങ്ങളുടെ ബന്ധത്തില്‍ അയവുണ്ടായി. ഗവര്‍ണ്ണര്‍പദവിയില്‍നിന്ന്‌ റിട്ടയര്‍ചെയ്യുന്നതുവരെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിട്ടില്ല.'' പി. വിശ്വംഭരന്‍ പറഞ്ഞു: ``കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്‌. ഒന്നാമതായി, ഗവര്‍ണ്ണര്‍ പദവി ഓഫര്‍ ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം പാര്‍ട്ടിയോട്‌ ആലോചിച്ചില്ല. ഒരു സാധാരണ വ്യക്തി എന്നനിലയിലല്ല ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ നേതാവ്‌, ഒരു ഭരണാധികാരി എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ്‌ അദ്ദേഹത്തിന്‌ ഈ ഓഫര്‍ വന്നത്‌. അപ്പോള്‍ അദ്ദേഹം പാര്‍ട്ടിയോട്‌ അഭിപ്രായം ചോദിക്കാന്‍ ബാധ്യസ്ഥനാണ്‌. രണ്ടാമത്തെകാര്യം തികച്ചം വ്യക്തിപരമാണ്‌. ഗവര്‍ണ്ണറായി സത്യപ്രതിജ്ഞചെയ്യാനുള്ള സന്ദേശം കിട്ടുന്ന ദിവസം അദ്ദേഹത്തിന്‌ ആറ്റിങ്ങലില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്‌പ്രചരണ സമാപനയോഗത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ടായിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന്റെ കാറില്‍ ഞാനും യാത്ര തിരിച്ചു. ആദ്യം രാജ്‌ഭവനിലേക്കു പോകാനാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. അവിടെയെത്തിയപ്പോള്‍ തനിക്ക്‌ ഗവര്‍ണ്ണറെ കാണേണ്ട അത്യാവശ്യമുണ്ടെന്നും വിശ്വംഭരന്‍ കാറിലിരുന്നാല്‍ മതിയെന്നും പറഞ്ഞ്‌ അദ്ദേഹം അകത്തേക്കുപോയി. തുടര്‍ന്ന്‌ ആറ്റിങ്ങലിലേക്കും ഒന്നിച്ചുപോയി. അവിടത്തെ യോഗം കഴിഞ്ഞ്‌ അദ്ദേഹം നേരത്തെ മടങ്ങി. ഞാന്‍ മടങ്ങിയെത്തിയപ്പോഴാണ്‌ മുഖ്യമന്ത്രി പഞ്ചാബ്‌ ഗവര്‍ണ്ണറായി പോകുന്നവാര്‍ത്ത അറിയുന്നത്‌. പിറ്റേന്ന്‌ രാവിലെ ഞാന്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്‌ഹൗസില്‍ ചെന്നു. അപ്പോള്‍ അദ്ദേഹം ആര്‍.ശങ്കറിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്‌ഭവനില്‍ പോയിരിക്കുകയായിരുന്നു. പന്നീടദ്ദേഹം മടങ്ങിവന്നപ്പോള്‍ മറ്റു പലരോടുമൊപ്പം എന്നോടും വെറും ഔപചാരികമായിമാത്രം സംസാരിച്ചു. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ഗവര്‍ണ്ണര്‍ പദവിയില്‍ നിന്നും വിരമിച്ച്‌ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ പോയിക്കണ്ടു. അപ്പോള്‍ അദ്ദേഹത്തിന്‌ അനാരോഗ്യം തുടങ്ങിയിരുന്നു. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. പിന്നീട്‌ പലതവണ ഞാന്‍ അദ്ദേഹത്തെ പോയിക്കണ്ടു. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരായിരുന്ന പി.എസ്‌. നടരാജപിള്ള, പൊന്നറ എന്നിവരുടെ അന്ത്യനാളുകളില്‍ അവരെ കാണാന്‍ പോകാത്തതില്‍ അദ്ദേഹം പശ്ചാത്താപം പ്രകടിപ്പിച്ചു...'' 

പി. വിശ്വംഭരന്‍ എന്ന അസാധാരണ മനുഷ്യന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖമാണ്‌ ഇവിടെയും അനാവൃതമാകുന്നത്‌. ആവശ്യമുള്ളതിലധികം ഒരു വാക്കും ആരോടും സംസാരിക്കാത്ത, ബന്ധുക്കളോട്‌ കൊച്ചുവര്‍ത്തമാനം പറയാത്ത, ആരെയും അതിരുവിട്ടു പ്രോത്സാഹിപ്പിക്കുകയോ എതിര്‍ക്കുകയോ പതിവില്ലാത്ത ഈ മനോഭാവവും പി. വിശ്വംഭരനുമാത്രം അവകാശപ്പെട്ടതാണ്‌. ആ പാരമ്പര്യം പ്രദാനംചെയ്‌ത ഒരു മുന്‍ഗാമിയോ അതിന്റെ അവകാശം പറ്റുന്ന ഒരു പിന്‍ഗാമിയോ അദ്ദേഹത്തിനില്ല. തന്റെ മാര്‍ഗ്ഗത്തില്‍ എന്നും ഒറ്റയാനായി യാത്ര തുടരാനിച്ഛിക്കുന്ന അദ്ദേഹം ഗീതാകാരനെപ്പോലെ, സംഭവിച്ചതെല്ലാം നല്ലതിനാണ്‌, ഇനി സംഭവിക്കാനുള്ളതും നല്ലതുതന്നെ എന്ന വിശ്വാസക്കാരനാണ്‌. എങ്കിലും ഒഴുക്കില്‍പ്പെട്ട ഒതളങ്ങയാകാതെ എല്ലാഒഴുക്കിനെതിരെയും നീന്തി, തളരാതെ തന്റെ കര്‍മ്മം അനവരതം അദ്ദേഹം തുടരുന്നു.
പട്ടം താണുപിള്ള പഞ്ചാബ്‌ ഗവര്‍ണ്ണറായി പോയതോടെ കേരളത്തിലെ സോഷ്യലിസ്റ്റു പ്രസ്ഥാനത്തിന്റെ ദീപ്‌തമായ ഒരു യുഗം അവസാനിക്കുകയായിരുന്നു. അതിനുശേഷമുള്ള അഞ്ചു ദശാബ്‌ദക്കാലത്തില്‍ ഏറെയും സോഷ്യലിസ്റ്റു പാര്‍ട്ടി മുന്നണി രാഷ്‌ട്രീയത്തിന്റെ ഭാഗമായി സ്വന്തം വ്യക്തിത്വം നഷ്‌ടപ്പെടുത്തി നിലകൊള്ളുന്നതാണ്‌ കാണുന്നത്‌. യോഗ്യരായ നേതാക്കളുടെ അഭാവമല്ല, മറിച്ച്‌ അണികളെ ഒപ്പം നിറുത്താനുള്ള ഉപരിപ്ലവ സമവാക്യങ്ങളോട്‌ അവര്‍ക്കുള്ള വിപ്രതിപത്തി തന്നെയാണിതിനു കാരണം. ഒരു രാഷ്‌ട്രീയ നേതാവെന്നാല്‍ അനുയായികള്‍ ആവശ്യപ്പെടുന്നതെന്തും `ശരിയാക്കിത്തരാം' എന്നപല്ലവി മൂളുന്നവനായിരിക്കണംഎന്നത്‌ ഇന്നത്തെ അധികാരരാഷ്‌ട്രീയത്തിന്റെ ജീവവായുവാണ്‌. കൂടാതെ, എന്തു കൊള്ളരുതായ്‌മ കാണിച്ചാലും അവനെ പാര്‍ട്ടിയുടെ പേരില്‍ സംരക്ഷിക്കുന്നതും ഈ പ്രവണതയുടെ ഭാഗമാണ്‌. എന്നാല്‍ പി. വിശ്വംഭരന്‍ ഇതില്‍നിന്നു തികച്ചും വ്യത്യസ്‌തനാണ്‌. ആര്‍ക്കും പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‌കുന്നശീലം അദ്ദേഹത്തിനില്ല. അതുപോലെ കാര്യസാധ്യത്തിനുവേണ്ടി കുറുക്കുവഴിയിലൂടെ അവിഹിത കാരൃങ്ങളില്‍ ഒന്നുസഹായിക്കണം എന്ന ആവശ്യവുമായിട്ടൊരാള്‍ചെന്നാല്‍ ആട്ടിപ്പുറത്താക്കുന്നതും പി. വിശ്വംഭരന്റെ ശീലമാണ്‌. മൂല്യങ്ങളുടെ സംഘനൃത്തത്തില്‍ സോപാനങ്ങളിടിഞ്ഞുവീണാല്‍ താന്‍ വെറുംനിലത്തിരിക്കാനും ഒരുക്കമാണെന്ന ഈ മനോഭാവം ഒരു യഥാര്‍ത്ഥ സോഷ്യലിസ്റ്റിന്റേതാണ്‌.


1955-ല്‍ ലോഹ്യയുടെ നേതൃത്വത്തില്‍ പി.എസ്‌.പി.യില്‍നിന്ന്‌ പിരിഞ്ഞുപോയ സോഷ്യലിസ്റ്റു ഗ്രൂപ്പ്‌ '65 ആയപ്പോഴേക്കും പുനരേകീകരണത്തിനു തയ്യാറായി. അങ്ങനെ എസ്‌.എസ്‌.പി, രൂപീകൃതമായി. ദേശീയ തലത്തില്‍ അതൊരു വലിയ സംഭവമായിരുന്നെങ്കിലും കേരളത്തില്‍ പാര്‍ട്ടിക്ക്‌ കാര്യമായ വികാസമൊന്നും ഇതുകൊണ്ടുണ്ടായില്ല. മലബാര്‍ മേഖലയില്‍നിന്ന്‌ ചെറിയൊരു ഗ്രൂപ്പുവന്നുചേര്‍ന്നു എന്നതുമാത്രമായിരുന്നു മെച്ചം. 1964-ല്‍ത്തന്നെ കെ. ചന്ദ്രശേഖരന്‍ ചെയര്‍മാനും പി.വിശ്വംഭരന്‍ ജനറല്‍ സെക്രട്ടറിയുമായി പി.എസ്‌.പി സംസ്ഥാനകമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. 1965-ല്‍ എസ്‌.എസ്‌.പി രൂപീകൃതമായപ്പോഴും ആ സ്ഥാനങ്ങളില്‍ അവര്‍ തുടര്‍ന്നു. 1965-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ എസ്‌.എസ്‌.പിക്ക്‌ പതിമൂന്നു സീറ്റ്‌ ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പി. വിശ്വംഭരന്‍ പ്രചരണ രംഗത്തു മാറിനിന്നു. എന്നാല്‍ മന്ത്രിസഭ രൂപീകരിക്കാവുന്ന വിധത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിന്റെപേരില്‍ ആ സഭ യോഗം ചേരാതെ പിരിയേണ്ടിവന്നു.

No comments:

Post a Comment