Friday, July 16, 2010

Strike for High Court

ഹൈക്കോടതി സമരം-1956
തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോജിപ്പിച്ചുകൊണ്ട്‌ 1949-ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചിരുന്നല്ലോ. ഈ സംയോജനത്തോടെ സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്തായി. ഇതിനെ തുലനംചെയ്യാന്‍ ഹൈക്കോടതി കൊച്ചിക്കുനല്‌കണമെന്ന്‌ ധാരണയുണ്ടായി. എങ്കിലും ഹൈക്കോടതിയുടെ ഒരു ബഞ്ച്‌ 1954-ല്‍ പട്ടം മന്ത്രിസഭയുടെകാലത്ത്‌ തിരുവനന്തപുരത്ത്‌ സ്ഥാപിച്ചു. എന്നാല്‍ ഐക്യകേരളപ്പിറവിയോടെ അന്നത്തെ പ്രസിഡന്റ്‌ ഭരണക്കാര്‍ ബഞ്ച്‌ പിന്‍വലിച്ചു. തുടര്‍ന്ന്‌ എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും അഭിഭാഷകരുടെയും ഒരു ഐക്യമുന്നണി രൂപീകരിച്ച്‌ ഹൈക്കോടതി ബഞ്ചിനുവേണ്ടി സമരം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സത്യഗ്രഹങ്ങളും യോഗങ്ങളും ബന്തുകളും സംഘടിപ്പിക്കപ്പെട്ടു. അന്ന്‌ ഹൈക്കോടതി സമരസമിതി നേതാക്കള്‍ പ്രസംഗിക്കുന്നു എന്നുകേട്ടാല്‍മതി നൂറുകണക്കിന്‌ ആളുകള്‍ കൂടുമായിരുന്നു. പ്രാസംഗികര്‍ ആരെന്നു മുമ്പേതന്നെപ്രഖ്യാപിച്ചാല്‍ അവരെ അറസ്റ്റുചെയ്യുന്ന രീതിയുണ്ടായിരുന്നു. അതുകൊണ്ട്‌ പ്രാസംഗികരെ മുന്‍കൂട്ടി പ്രഖ്യാപിക്കാറില്ല. സമയമാകുമ്പോള്‍ പ്രാസംഗികര്‍ വന്ന്‌ പ്രസംഗിച്ചു പോകും. അന്ന്‌ തിരുവനന്തപുരം ജില്ല മുഴുവന്‍ നടന്ന്‌ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പി. വിശ്വംഭരന്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്നു. ഒരു ദിവസം പഴവങ്ങാടി മൈതാനത്തു നടന്ന യോഗത്തെ അഭിസംബോധനചെയ്യാന്‍ നിയോഗിക്കപ്പെട്ടത്‌ വിശ്വംഭരനായിരുന്നു. ആ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്‌ത്‌്‌ തിരുവനന്തപുരം സബ്‌ജയിലിലേക്കയച്ചു. വിചാരണത്തടവുകാരനായി ജയില്‍വാസമനുഷ്‌ഠിയ്‌ക്കുന്നതിനിടയ്‌ക്കാണ്‌ 1957-ലെ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തെുവരുന്നത്‌. ജയിലില്‍കിടന്നുകൊണ്ടുതന്നെ അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വോട്ടെടുപ്പിന്‌ ഒരാഴ്‌ചമാത്രമുള്ളപ്പോഴാണ്‌ ജയില്‍മോചിതനായത്‌. കമ്മ്യൂണിസ്റ്റുകള്‍ മുന്നേറ്റം കുറിച്ച ഈ തെരഞ്ഞെടുപ്പില്‍ പി.വിശ്വംഭരന്‍ പരാജയപ്പെട്ടു. മണ്‌ഡലങ്ങളുടെ പുനര്‍വിഭജനം പരാജയത്തിനുപ്രധാന കാരണമായി. പി.വിശ്വംഭരനെ തോല്‍പ്പിച്ച്‌ അവണാകുഴി സദാശിവന്‍ അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

No comments:

Post a Comment