Thursday, July 15, 2010

P.Viswambharan In Parliament

പാര്‍ലമെന്റിലേയ്‌ക്ക്‌


രണ്ടു വര്‍ഷത്തോളമുള്ള ഒരിടക്കാലം പ്രസിഡന്റ്‌ ഭരണത്തിന്‍കീഴില്‍കഴിഞ്ഞ കേരളം 1967-ലെ നാലാം പൊതു തെരഞ്ഞെടുപ്പിനു സജ്ജമായി. ഇക്കുറി പി. വിശ്വംഭരനു ലഭിച്ച ദൗത്യം അതുവരെയുളളതില്‍നിന്നുവ്യത്യസ്‌തമായിരുന്നു. തിരുവനന്തപുരം പാര്‍ലമെന്റ്‌ മണ്‌ഡലത്തെ പ്രതിനിധീകരിച്ച്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കുക. ദൗത്യം ഏറ്റെടുത്ത വിശ്വംഭരനു നേരിടേണ്ടിവന്നത്‌ പഴയ പ്രതിയോഗിയായ ജി.ചന്ദ്രശേഖരപിള്ളയെത്തന്നെയായിരുന്നു. ഈ കാലത്തിനിടയ്‌ക്ക്‌ തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ ബഹുദൂരം പിന്നിട്ടിരുന്ന ശ്രീ. വിശ്വംഭരന്‍ ചന്ദ്രശേഖരപിള്ളയ്‌ക്കുചേര്‍ന്ന എതിരാളിയായിക്കഴിഞ്ഞിരുന്നു. ആദ്യവസാനം പ്രവചനാതീതമായ മത്സരമായിരുന്നുഅത്‌. എങ്കിലും അവസാനം നേരിയ ഭൂരിപക്ഷത്തിനു പി. വിശ്വംഭരന്‍ ജയിച്ചു. മത്സരഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ അത്‌ കേരള സോഷ്യലിസ്റ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ വിളവെടുപ്പായി. ഇരുപത്‌ അസംബ്ലി സീറ്റുകളും മൂന്നു ലോക്‌സഭാ സീറ്റുകളും പാര്‍ട്ടി നേടി.

സംഭവബഹുലമായിരുന്നു നാലാം ലോക്‌സഭയുടെ കാലാവധി. കോണ്‍ഗ്രസ്സിലെ ഭിന്നിപ്പും ഒരു സ്വേച്ഛാധിപതിയുടെ ഊര്‍ജ്ജസമാഹരണവുമെല്ലാം ഈ സഭയിലാണ്‌ ഇന്തൃ ദര്‍ശിച്ചത്‌. ആ കാലഘട്ടം വരെ കോണ്‍ഗ്രസ്‌ പാര്‍ട്ടി വ്യക്തിത്വമുള്ള നേതാക്കളുടെ സംഘടനയായിരുന്നെങ്കില്‍ അക്കാലം മുതല്‍ അത്‌ അടിമകളുടെ കൂടാരമായി അധഃപതിക്കുകയായിരുന്നു. അധികാരം തലയ്‌ക്കു പിടിച്ച~ഒരസാധാരണ സ്‌ത്രീയുടെ കുഞ്ഞാട്ടിന്‍പറ്റമായി മാറി കോണ്‍ഗ്രസ്‌. വ്യക്തിത്വത്തിന്റെ ഒരംശമെങ്കിലും അവശേഷിച്ചിരുന്നവര്‍ ഈ അടിമക്കൂടാരംവിട്ടു പുറത്തുപോയി. അവര്‍ക്കുപക്ഷെ വേണ്ടത്ര പ്രാണവായുനല്‌കാന്‍ ജനങ്ങള്‍ തയ്യാറായില്ല. അങ്ങനെ 1975-ലെ ദുരന്തം ഏറ്റുവാങ്ങാന്‍ ജനം ഒരു സ്വേച്വഛാധിപതിയെ വളര്‍ത്തിയെടുക്കുകയായിരുന്നു.

കേരളത്തിലെ സോഷ്യലിസ്റ്റു പ്രസ്ഥാനവും ഈ കാലത്ത്‌ പലപരിണാമങ്ങളിലൂടെയും കടന്നു പോയിരുന്നു. 1968-ല്‍ എസ്‌.എസ്‌.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട കച്ച്‌ സത്യഗ്രഹത്തില്‍ സംസ്ഥാനത്തെ മന്ത്രിമാരുള്‍പ്പെടെ എല്ലാ സോഷ്യലിസ്റ്റംഗങ്ങളും പങ്കെടുക്കണമെന്ന്‌ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കാനുള്ള ഭരണഘടനാപരമായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി കേരളത്തിലെ ഭൂരിപക്ഷം എസ്‌.എസ്‌.പി അംഗങ്ങളും കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം നിരാകരിച്ചു. 20 പാര്‍ട്ടി എം.എല്‍.എമാരില്‍ 13 പേര്‍ പാര്‍ട്ടിവിട്ട്‌ പുതിയൊരുപാര്‍ട്ടി രൂപീകരിച്ചു. പിന്നീട്‌ കേരളത്തിലെപ്പോലെ എസ്‌.എസ്‌.പി വിട്ടുവന്ന മററു സംസ്ഥാനങ്ങളിലെ സോഷ്യലിസ്റ്റുകളെക്കൂടി കൂട്ടിച്ചേര്‍ത്ത്‌ ഐ.എസ്‌.പി ഉണ്ടാക്കി. പി. വിശ്വംഭരനും മറ്റ്‌ മൂന്നു പാര്‍ട്ടി എംപിമാരും ഇതേമട്ടില്‍ എസ്‌.എസ്‌.പി വിട്ട്‌ പുറത്തുവന്ന്‌ ഐ.എസ്‌.പിയില്‍ചേര്‍ന്നു.

നാലാം ലോക്‌സഭയില്‍ കേരളത്തില്‍നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ ജയിച്ചത്‌ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോന്‍ മാത്രമായിരുന്നു. സഭയുടെ കാലാവധി അവസാനിക്കുംമുമ്പുതന്നെ കേന്ദ്രത്തില്‍ ക്യാബിനറ്റു മന്ത്രിയായിരുന്ന പമ്പിള്ളി അന്തരിച്ചു. ഒപ്പംതന്നെ രാജ്യസഭയിലും കേരളത്തില്‍നിന്ന്‌ കോണ്‍ഗ്രസ്സിന്‌ ഒരംഗവും ഇല്ലാത്ത അവസ്ഥയും വന്നു. ഈ സമയത്ത്‌ പി. വിശ്വംഭരനെ കോണ്‍ഗ്രസ്സിലേക്കു കൊണ്ടുപോകാന്‍ ചില ശ്രമങ്ങള്‍ നടന്നു. അന്ന്‌ കേന്ദ്രമന്ത്രിയായിരുന്ന രഘുനാഥ റെഡ്ഡിയായിരുന്നു ഇതിനു മുന്‍കൈയെടുത്തത്‌. അദ്ദേഹം പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്‌ച സംഘടിപ്പിച്ച്‌ പി. വിശ്വംഭരനെയും കൂട്ടി ഇന്ദിരാഗാന്ധിയെ കാണാന്‍പോയി. ആ വേളയില്‍ വിശ്വംഭരന്‍ ജി.പി. മംഗലത്തുമഠത്തെയും ഒപ്പം കൂട്ടി. കോണ്‍ഗ്രസ്സില്‍ ചേരുകയാണെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ ഉപമന്ത്രിസ്ഥാനം നല്‌കാമെന്നും കഴിവുതെളിയിച്ചാല്‍ കൂടുതല്‍ ഉയര്‍ന്ന ചുമതലകള്‍ നല്‌കപ്പെടുമെന്നും റെഡ്ഡി അദ്ദേഹത്തെ ധരിപ്പിച്ചു. എന്നാല്‍ തന്റെ പാര്‍ട്ടിയിലെ ഭിന്നിപ്പ്‌ കോണ്‍ഗ്രസ്സിലേക്കു ചേക്കേറാനുള്ള വഴിയൊരുക്കലല്ലെന്നും പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധിലഭിച്ച താന്‍ ഈ സഭയുടെ അന്ത്യംവരെ പ്രതിപക്ഷത്തുതന്നെയായിരിക്കും ഇരിക്കുകയെന്നും ആ പ്രലോഭനത്തിനു നേരെ വിശ്വംഭരന്‍ പ്രതികരിച്ചു. കൈവട്ടകയിലെത്തിയ സൗഭാഗ്യത്തെ ഇങ്ങനെ പുറംകൈകൊണ്ടു തട്ടിമാറ്റാനുള്ള ഉള്‍ക്കരുത്താണ്‌ പി. വിശ്വംഭരനെ ഏകാകിയും മറ്റു രാഷ്‌ട്രീയക്കാരില്‍നിന്നു വ്യത്യസ്‌തനുമാക്കിയത്‌.

No comments:

Post a Comment