Monday, July 12, 2010

First L.D.F Convener

ആദൃത്തെ എല്‍.ഡി.എഫ്‌ കണ്‍വീനര്‍


അന്ന്‌ പരസ്‌പരം മുഖത്തു നോക്കാത്ത കക്ഷികളായിരുന്നു മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും കേരളാ കോണ്‍ഗ്രസ്സും ഇവരെ ഒരേ മേശയ്‌ക്കരികില്‍ കൊണ്ടുവരികയാണ്‌ ഐക്യശ്രമത്തിന്റെ ആദ്യപടി. അതിന്‌ വിശ്വംഭരന്‍ ഒരു പദ്ധതിയൊരുക്കി. അതിന്‍പ്രകാരം കേരളാകോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കെ.എം. ജോര്‍ജ്ജിനെ എസ്‌.പി.യുടെ നിയമസഭാകക്ഷി നേതാവായ ശിവരാമഭാരതിയുടെ എം.എല്‍.എ ഹോസ്റ്റലിലെ മുറിയില്‍ വരുത്തിയിട്ട്‌ യാദൃശ്ചികമായിട്ടെന്ന വിധം വിശ്വംഭരന്‍ ഇ.എം.എസി നെയും കൂട്ടി അവിടെ എത്തുന്നു. അവിടെവച്ച്‌ പി. വിശ്വംഭരന്റെ സാന്നിധ്യത്തില്‍ ഇരുവരുംചേര്‍ന്നുനടത്തിയ സംഭാഷണ ഫലമായി നീരസത്തിന്റെ മഞ്ഞുരുകുകയും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുണ്ടാവുകയും ചെയ്‌തു. തുടര്‍ന്ന്‌ എല്ലാ പ്രതിപക്ഷ കക്ഷികളും സമ്മേളിച്ച്‌ ഒരു ഭക്ഷ്യസമരസമിതി രൂപീകരിച്ചു. ഈ ഐക്യം പ്രാവര്‍ത്തികമാക്കാന്‍ നല്‌കിയ വ്യക്തിപരമായ സംഭാവനകള്‍ പരിഗണിച്ചും മേലിലും ഈ ഐക്യം നിലനിറുത്താനുള്ള ദൗത്യമേല്‍പ്പിച്ചുകൊണ്ടും ആ യോഗം ഐകകണ്‌ഠ്യേന പി. വിശ്വംഭരനെ അതിന്റെ കണ്‍വീനറായി നിയോഗിച്ചു.

ഭക്ഷ്യസമരസമിതി അധികം വൈകാതെ ഇടതുജനാധിപത്യമുന്നണിയായി മാറി. അപ്പോഴും വിശ്വംഭരന്‍ അതിന്റെ കണ്‍വീനറായി തുടര്‍ന്നു. എന്നാല്‍ 1975-ല്‍ അദ്ദേഹം പാര്‍ട്ടി ചെയര്‍മാന്‍സ്ഥാനത്തുനിന്നും മാറിയപ്പോള്‍ ആ സ്ഥാനവും രാജിവച്ചു. വിശ്വംഭരനെ തുടര്‍ന്ന്‌ പാര്‍ട്ടി ചെയര്‍മാനായ അരങ്ങില്‍ ശ്രീധരന്‍ ആ സ്ഥാനം സ്വയമേറ്റെടുക്കാതെ ജനറല്‍ സെക്രട്ടറിയായ എം.പി. വീരേന്ദ്രകുമാറിനു നല്‌കി. എന്നാല്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം വന്നതോടെ കണ്‍വീനര്‍ സംസ്ഥാനം വിട്ടുപോയി. തുടര്‍ന്ന്‌ സി.പി.ഐ (എം) നേതാവ്‌ ചാത്തുണ്ണിമാസ്റ്ററെ കണ്‍വീനറാക്കിക്കൊണ്ട്‌ ഏകോപനസമിതി പുനസംഘടിപ്പിച്ചു. ഇങ്ങനെ ഇന്നത്തെ ഇടതു ജനാധിപത്യമുന്നണിയുടെ ആദ്യത്തെ കണ്‍വീനറും അതിന്റെ രൂപീകരണത്തിന്‌ ഏറ്റവുമധികം സംഭാവന നല്‌കിയ വ്യക്തിയുമാണ്‌ പി.വിശ്വംഭരന്‍.


From the Biographical Sketch

No comments:

Post a Comment