Tuesday, May 5, 2015

ശാന്തം, സൗമ്യം, ധീരം


ഒ.എന്‍.വി. കുറുപ്പ്




ചിലരെപ്പറ്റി നമുക്ക് നല്ലതുമാത്രമേ ഓര്‍ക്കാനുണ്ടാവൂ. ആ അപൂര്‍വ ജനുസ്സില്‍പ്പെട്ട നല്ല മനുഷ്യരിലൊരാളാണ് ശ്രീ.പി.വിശ്വംഭരന്‍. ഒരു ജ്യേഷ്ഠസുഹൃത്തായിട്ടാണ് ബഹുമാനത്തോടെ ഞാനദ്ദേഹത്തെ എന്നും കണക്കാക്കിയിട്ടുള്ളത്. ഞങ്ങളുടെ പരിചയത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഗവ.വിമെന്‍സ് കോളേജിന്റെ തെക്കുഭാഗത്തുള്ള നാല്ക്കവലയില്‍നിന്നു കിഴക്കോട്ടുപോകുന്ന നിരത്തിന്റെ ഇടത്തുഭാഗത്തായി 'തുളസി ഭവന്‍' എന്നൊരു ലോഡ്ജ് ഉണ്ടായിരുന്നു. കാലം 1953-'54. ഞാനന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ ഒന്നാംവര്‍ഷ എം.ഏ വിദ്യാര്‍ത്ഥി. തുളസിഭവനിലെ അന്തേവാസികള്‍ ഏറെയും വിദ്യാര്‍ത്ഥികളായിരുന്നു. അവര്‍ക്കൊപ്പം ഏതാനും ചെറുപ്പക്കാരായ പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ പ്രശസ്തിയാര്‍ജിച്ച പല പത്രപ്രവര്‍ത്തകരുടെയും നിത്യ സന്ദര്‍ശനകേന്ദ്രമായിരുന്നു ആ ലോഡ്ജ്. അവിടെവച്ചാണ് ശ്രീ.പി.വിശ്വംഭരനെ ഞാനാദ്യം കണ്ടതും പരിചയപ്പെട്ടതും. തുളസിഭവനത്തിന്റെ അകത്തളം രാഷ്ട്രീയ സാമൂഹ്യ ചര്‍ച്ചകളാല്‍ മുഖരിതമാവുന്നത് ദിനാന്തങ്ങളിലായിരുന്നു. ആ ചര്‍ച്ചകളെ സജീവമാക്കിയിരുന്നവര്‍ക്കിടയില്‍ സൗമ്യനും, അക്ഷോഭ്യനും എന്നാല്‍ സ്വന്തം ആദര്‍ശങ്ങളില്‍ അചഞ്ചലം നിലയുറപ്പിച്ചവനുമായ ഒരാളിന്റെ ചിത്രം വേറിട്ടു നില്‍ക്കുന്നു. അതാണ് ശ്രീ പി.വിശ്വംഭരന്‍. അദ്ദേഹം പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റു പ്രവര്‍ത്തകനുമായിരുന്നു. കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അന്ന് സോഷ്യലിസ്റ്റുകാരോടുള്ള മനോഭാവം എന്തായിരുന്നുവെന്ന് ചരിത്രമറിയാവുന്നവരോട് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ രാഷ്ട്രീയത്തിനതീതമായി വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ സ്‌നേഹാദരങ്ങള്‍ നേടുവാന്‍ ശ്രീ.പി.വിശ്വംഭരന് എങ്ങനെ കഴിഞ്ഞുവെന്നത് അന്നും ഇന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. ലളിതമായിപ്പറഞ്ഞാല്‍, അതിനു കാരണം ആ വ്യക്തിത്വത്തിന്റെ നൈര്‍മല്യമായിരുന്നു.''അപരന്റെ വാക്ക് സംഗീതമാവുക'' എന്ന ആകര്‍ഷകമായ  പ്രയോഗത്തിന്  ഇന്നും പ്രചാരമുണ്ട ്- പക്ഷേ, അത് ഒരു കാല്പനിക പ്രയോഗമാണെന്ന് തോന്നാറുണ്ട ്- കേള്‍ക്കാന്‍ സുഖം; അങ്ങനെയായാല്‍ നന്ന്. പക്ഷേ അങ്ങനെയായിട്ടുണ്ടോ?- അതിന് നേരിന്റെ തിളക്കമുണ്ടോ? ഇത്തരം സന്ദേഹങ്ങള്‍ മനസ്സിലുദിക്കത്തക്കവണ്ണമാണ് ലൗകിക സത്യങ്ങള്‍. എന്നാല്‍ കാല്പനികതയുടെ നിറക്കൂട്ടൊന്നുമില്ലാത്ത ഒരു സത്യം പറയട്ടെ.                ''അപരന്റെ വാക്ക് ശ്രദ്ധിക്കുകയും, അതിലെ നല്‍പുതില്‍പുകള്‍ പരിശോധിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യുക'' എന്നുള്ളതു തന്നെ ഒരു വലിയ കാര്യമല്ലേ?- ആ ഗുണം പലരിലും നാം കണ്ടിട്ടില്ലേ? പ്രതിപക്ഷ ബഹുമാനമെന്നും മറ്റും നാം ഓമനപ്പേരിട്ടു വിളിക്കാറുള്ളതും ആ ഗുണത്തെത്തന്നെയല്ലേ? ഞാന്‍ പരിചയപ്പെട്ടിട്ടുള്ള പത്രപ്രവര്‍ത്തകരിലും രാഷ്ട്രീയപ്രവര്‍ത്തകരിലും സുദുര്‍ലഭമായി അനുഭവപ്പെട്ടിട്ടുള്ള ആ ഗുണവിശേഷം ഒത്തിണങ്ങിയ നിറകുടം പോലെയുള്ള വ്യക്തിത്വമാണ് ശ്രീ.പി.വിശ്വംഭരന്റേത്. അതാവട്ടെ, വ്യതിയാനമോ വ്യതിരേകമോ ഒന്നുമില്ലാതെ അഭംഗുരം കാത്തുസൂക്ഷിക്കാനദ്ദേഹത്തിനു കഴിയുന്നു. രാഷ്ട്രീയം ആദര്‍ശ സാക്ഷാത്കാരത്തിനു വേണ്ടിയാണ് കര്‍മ്മമേഖലയാവുന്നത്. എന്നാല്‍ സ്വകാര്യതാത്പര്യങ്ങളുടെ നിര്‍വഹണത്തിനാവുമ്പോള്‍, രാഷ്ട്രീയത്തിന്റെ പവിത്രത തന്നെ നഷ്ടപ്പെടുന്നു. ശ്രീ.വിശ്വംഭരന്റെ രാഷ്ട്രീയം താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു എന്നത് നമുക്കെല്ലാമറിയാവുന്ന വസ്തുതയാണ്.



http://www.india-forums.com/bollywood/images/uploads/2D1_ONV-Kurup.jpg


ഞാന്‍ തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലത്തില്‍നിന്ന് ഒരിക്കല്‍ മത്സരിച്ചിരുന്നു- ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി. ശ്രീ.പി.വിശ്വംഭരന്‍ ഒരു പ്രദേശത്തെ സമ്മതിദായകര്‍ക്ക് എന്നെ പരിചയപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പു പര്യടനത്തിന് എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു മുന്‍ പാര്‍ലമെന്റംഗം കൂടിയായ അദ്ദേഹത്തിന്റെ വാക്കുകള്‍ എത്ര ആദരവോടകൂടിയാണ് ആളുകള്‍ ശ്രദ്ധിച്ചിരുന്നതെന്ന് ഞാനോര്‍ക്കുന്നു. ''...... ഓരോ വോട്ടും നമ്മുടെ സ്ഥാനാര്‍ത്ഥിക്കു നല്‍കി വിജയിപ്പിക്കണമെന്ന് ഞാനഭ്യര്‍ത്ഥിക്കുകയാണ്, അപേക്ഷിക്കുകയാണ്''- എന്ന് ഒരനുഷ്ഠാനം പോലെ പറയുന്ന പതിവില്‍നിന്നും വ്യത്യസ്തമായിരുന്നു ശ്രീ.വിശ്വംഭരന്റെ വാക്കുകള്‍. പല സങ്കേതങ്ങളിലും അദ്ദേഹം വാഹനത്തില്‍ നിന്ന് എന്നെ ഇറക്കിക്കൊണ്ടുപോയി തനിക്ക് ഏറ്റവും അടുപ്പമുള്ളവര്‍ക്കെന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയും സ്‌നേഹസംഭാഷണങ്ങളിലേര്‍പ്പെടുകയും ചെയ്തത് ആ തെരഞ്ഞെടുപ്പുകാലത്തെ മധുരിക്കുന്ന ഓര്‍മ്മയാണ്.
ശ്രീ.വിശ്വംഭരന്‍ സ്വപ്നംകണ്ട സമൂഹത്തിന്റെ പിറവി ഇനിയുമുദിക്കാത്ത പൗര്‍ണമിയായി അവശേഷിക്കുന്നു. എന്നാല്‍ ആ ധന്യജീവിതം സഹസ്രപൗര്‍ണമി ദര്‍ശിച്ചു എന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. ''ലോകമേ തറവാടായി'' കരുതുന്ന അദ്ദേഹത്തിന്റെ ബന്ധുക്കള്‍ നമ്മളൊക്കെയാണ്. ഈ ധന്യമുഹൂര്‍ത്തത്തില്‍ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നുകൊണ്ട് ഈ കുറിപ്പിവിടെ നിര്‍ത്തട്ടെ.